കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കുന്നതിനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്പായ 'സഹേൽ' വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇതോടെ പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഇനി മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും റെസിഡൻസി അഫയേഴ്സ് വിഭാഗവും സംയുക്തമായാണ് ഈ സേവനം പുറത്തിറക്കിയത്.പുതിയ പാസ്‌പോർട്ട് എടുക്കുമ്പോഴോ വിവരങ്ങളിൽ മാറ്റം വരുമ്പോഴോ 'സഹൽ' ആപ്പ് വഴി അത് സിസ്റ്റത്തിൽ രേഖപ്പെടുത്താം. സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ മിനിറ്റുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. കുവൈറ്റ് ഗവൺമെന്റിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം.