തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിം ലീഗ് എന്നിവരുമായുള്ള ചർച്ചകളിലെ അനിശ്ചിതത്വം മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് കാര്യമായ ചർച്ചകൾക്ക് മുതിർന്നിട്ടില്ല. ഇത് മനപ്പൂർവം ചർച്ചകൾ നീട്ടിക്കൊണ്ടുപോയി ജോസഫ് ഗ്രൂപ്പിനെക്കൊണ്ട് വിട്ടുവീഴ്ചകൾ ചെയ്യിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തൽ. 2021-ലെ പോലെ 10 സീറ്റുകൾ വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോൾ, ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകൾ തിരിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിൽ ഇടുക്കി സീറ്റിൽ മന്ത്രി റോഷി അഗസ്റ്റിനെ നേരിടാൻ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്ന നിലപാടിലാണ് ഇടുക്കി ഡിസിസി.