ഇന്ത്യൻ വിനോദസഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ് 'ഗാർഡൻ സിറ്റി' എന്നറിയപ്പെടുന്ന സിംഗപ്പൂർ. എന്നാൽ ഇനി മുതൽ അവിടേക്കുള്ള യാത്രയ്ക്ക് പുറപ്പെടും മുൻപ് കർശനമായ സുരക്ഷാ പരിശോധനകൾ നേരിടേണ്ടി വരും. 2026 ജനുവരി 30 മുതൽ സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ് അതോറിറ്റി (ICA) 'നോ ബോർഡിങ് ഡയറക്റ്റീവ്' (NBD) എന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ്.
എന്താണ് സിംഗപ്പൂരിലെ പുതിയ NBD നിയമം?
സിംഗപ്പൂരിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരെയോ, അടിസ്ഥാന യോഗ്യതകൾ ഇല്ലാത്തവരെയോ വിമാനം കയറുന്നതിന് മുൻപ് തന്നെ തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. വിമാനം സിംഗപ്പൂരിലെ ചാങ്കി, സെലറ്റാർ വിമാനത്താവളങ്ങളിൽ എത്തിയ ശേഷം ഇമിഗ്രേഷൻ നടപടികളിൽ ഉണ്ടാകുന്ന തിരക്കും പ്രത്യാഘാതങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കും.
നിലവിൽ സിംഗപ്പൂർ അറൈവൽ കാർഡ് (SGAC), വിമാനയാത്രക്കാരുടെ പട്ടിക എന്നിവ ഉപയോഗിച്ച് ICA മുൻകൂട്ടി പരിശോധനകൾ നടത്താറുണ്ട്. മുൻപ് സംശയകരമായ സാഹചര്യമുള്ളവരെ സിംഗപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷമായിരുന്നു പരിശോധിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ ഇത്തരക്കാരെ യാത്ര ചെയ്യാൻ അനുവദിക്കരുത് എന്ന് വിമാനക്കമ്പനികൾക്ക് ICA നിർദ്ദേശം നൽകും.
സിംഗപ്പൂരിന്റെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് എൻ.ബി.ഡി നിയമത്തിന്റെ ലക്ഷ്യം. സാധ്യതയുള്ള ഭീഷണികൾ തുടക്കത്തിൽ തന്നെ തടഞ്ഞുനിർത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ചെക്ക്-ഇൻ കൗണ്ടറിൽ വരുന്ന മാറ്റം
യാത്രക്കാർ ചെക്ക്-ഇൻ കൗണ്ടറിൽ എത്തുമ്പോൾ തന്നെ ICA നൽകുന്ന വിവരങ്ങൾ വിമാനക്കമ്പനികൾ പരിശോധിക്കും. വിസ കാലാവധി, പാസ്‌പോർട്ടിന്റെ 6 മാസത്തെ സാധുത തുടങ്ങിയവ ഇല്ലാത്തവർക്കും, സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തുന്നവർക്കും ബോർഡിങ് പാസ് നൽകില്ല. ബോർഡിങ് നിഷേധിക്കപ്പെട്ടവർക്ക് സിംഗപ്പൂരിലേക്ക് പോകണമെന്നുണ്ടെങ്കിൽ ഐസിഎ ഫീഡ്‌ബാക്ക് ചാനൽ വഴി മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം മാത്രമേ പുതിയ ടിക്കറ്റ് എടുക്കാൻ സാധിക്കൂ.
നിയമം ലംഘിച്ചാൽ കനത്ത പിഴ
ഇത് പാലിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ നിർദ്ദേശം ലംഘിക്കുന്ന വിമാനക്കമ്പനികൾക്കും ജീവനക്കാർക്കും കടുത്ത ശിക്ഷ ലഭിക്കും. നിയമം ലംഘിക്കുന്ന വിമാനക്കമ്പനികൾക്ക് 10,000 ഡോളർ വരെ പിഴ ഈടാക്കാം. യാത്രക്കാരനെ ബോധപൂർവ്വമോ അല്ലാതെയോ വിമാനത്തിൽ കയറ്റുന്ന പൈലറ്റ് അല്ലെങ്കിൽ ജീവനക്കാർക്ക് പിഴയോ 6 മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടി വരും.