തിരുവനന്തപുരം: മമ്മൂട്ടിയുടെ പത്മ പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറേ വർഷങ്ങളായി ഞങ്ങൾ ശുപാർശ നൽകുന്നു. എല്ലാത്തിനും അതിന്റെതായ കാലമുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാനാണ് മമ്മുട്ടിയുടെ ശ്രമമെന്നും സ്വയം പുതുക്കുന്ന നടന ശരീരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. 8 മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. മമ്മൂട്ടിക്കും വിഎസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേഷനും പുരസ്കാരങ്ങളുണ്ട്.