ഗരുഡന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ബേബി ഗേൾ' ആദ്യാവസാനം മുതൽ ത്രില്ലർ മൂഡിലാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. തിരുവനന്തപുരത്തെ ഗൗരീശപട്ടം ആശുപത്രിയിൽ നിന്നും ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതാവുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളിയുടെയും ലിജോ മോളുടെയും സംഗീത് പ്രതാപിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്.മൂന്ന് കുടുംബങ്ങളെയാണ് ബേബി ഗേളിൽ സംവിധായകൻ അരുൺ വർമ്മ പ്രേക്ഷകർക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്. മൂന്ന് കുടുംബങ്ങളും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലാണ് ജീവിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു കുഞ്ഞിന്റെ തിരോധാനമാണ് ഈ കുടുംബങ്ങളിലെയെല്ലാം യഥാർത്ഥ സാമൂഹികാവസ്ഥ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. കുഞ്ഞുങ്ങളെ ഓരോ മനുഷ്യരും എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് സിനിമ നമ്മോട് സംസാരിക്കുന്നു.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരത്തിലാണ് സിനിമ ഫോക്കസ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രവും തനിക്ക് മുന്നിൽ വരുന്ന ഒരു സാഹചര്യത്തെ എങ്ങനെയാണ് നേരിടുന്നത് എന്നതാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പ്രതിസന്ധികളിൽ നിന്നാണ് യഥാർത്ഥ നായകന്മാർ ഉദയം ചെയ്യുന്നതെന്ന് പറയും പോലെ ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഓരോ സാഹചര്യത്തിലും നായകന്മാരും നായികമാരുമായി മാറുന്നുണ്ട്. ഏതാണ് സിനിമയുടെ വിജയം.