തിരുവനന്തപുരം: ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതൽ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം നടത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. തിരുവനന്തപുരം നഗരസഭയിലെ ചരിത്ര വിജയം ആഘോഷിക്കാൻ ഷാ, അടുത്തിടെ കേരളത്തിൽ എത്തിയപ്പോൾ സാബു ജേക്കബുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ഒടുവിൽ ഇന്ന് കൊച്ചിയിൽ ഇരുവരും തമ്മിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിര തീരുമാനമുണ്ടായത്. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താ സമ്മേളനത്തിനെത്തിയാണ് എൻ ഡി എ മുന്നണിയിലെത്തുമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയത്. നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി എത്തുമ്പോൾ വേദിയിൽ സാബു ജേക്കബുമുണ്ടാകും. മോദിയുടെ സാന്നിധ്യത്തിലാകും ട്വന്‍റി 20 ഔദ്യോഗികമായി എൻ ഡി എ മുന്നണിയുടെ ഭാഗമാകുക.