സ്വന്തം ടീം തന്നെ അവിശ്വസിക്കുക, മൈതാനത്ത് നിന്ന് തിരിച്ചുവിളിക്കുക. ഇത്രത്തോളം അപമാനവും നിരാശയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായേക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബുധനാഴ്ച രാത്രി യുപി വാരിയേഴ്‌സ് താരം ഹര്‍ലീൻ ഡിയോൾ കടന്നുപോയത് സമാനമായ വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു. ഇന്നിങ്സില്‍ മൂന്ന് ഓവര്‍ അവശേഷിക്കെ 36 പന്തില്‍ 47 റണ്‍സുമായി ഹര്‍ലീൻ ക്രീസില്‍ തുടരുമ്പോഴാണ് യുപിയുടെ മുഖ്യപരിശീലകനായ അഭിഷേക് നായര്‍ അപ്രതീക്ഷിതമായ ആ തീരുമാനമെടുത്തത്. ഹര്‍ലിനോട് റിട്ടയര്‍ഡ് ഔട്ടാകാൻ അഭിഷേക് ആവശ്യപ്പെട്ടു. ഞെട്ടലോടെയായിരുന്നു ഹര്‍ലീൻ അത് ഉള്‍ക്കൊണ്ടത്.അഭിഷേകിന്റെ തീരുമാനം പൂര്‍ണമായി പാളുന്നതായിരുന്നു പിന്നീട് കണ്ടത്. ഹര്‍ലീന് പകരമെത്തിയവര്‍ക്ക് മൂന്ന് ഓവറില്‍ ചേര്‍ക്കാനയത് കേവലം 13 റണ്‍സ് മാത്രം. ആ രാത്രി അവസാനിക്കുമ്പോള്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി യുപി രുചിച്ചിരുന്നു. 24 മണിക്കൂര്‍, 24 മണിക്കൂറിനിപ്പുറം ഡിവൈ പാട്ടീലില്‍ തന്നെ യുപിക്കായി ഒരു കളമൊരുങ്ങി. എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. തലേന്ന് രാത്രി അപമാനിക്കപ്പെട്ട് മടങ്ങിയ അതേ മൈതാനത്തേക്ക് ഏഴാം ഓവറിലെ അവസാന പന്ത് നേരിടാൻ ഹര്‍ലീനെത്തി. She had something to prove! She went on the charge from the very first ball.
നാറ്റ് സീവർ ബ്രന്റിന്റെ പന്ത് ബാക്ക് ഫൂട്ടില്‍ കട്ടുചെയ്‌ത് ബാക്ക്‌വേഡ് പോയിന്റിലൂടെ ബൗണ്ടറി നേടിയായിരുന്നു തുടക്കം. നേരിട്ട രണ്ടാം പന്തില്‍ അമേലി കേറിനെ കവർ പോയിന്റ് വഴി ബൗണ്ടറി കടത്തി. തുടര്‍ന്ന് ഒരു ലേറ്റ് കട്ടിലൂടെയും ഫോര്‍. ആദ്യം നേരിട്ട മൂന്ന് പന്തില്‍ നിന്ന് 12 റണ്‍സ്. ക്രീസിലെ തന്റെ സ്ഥാനത്തിന് മുകളില്‍ ഒരു ചോദ്യവും ഇന്നുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ചുതന്നെയായിരുന്നു ഹര്‍ലീനെത്തിയത്.