ദില്ലി: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായി റിപ്പോർട്ട്. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. ജോസിനൊപ്പം പാർട്ടിയുടെ മൂന്ന് എംഎൽഎമാരും യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുകയാണ്. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും. എന്നാല്‍, റോഷി അഗസ്റ്റിനടക്കം ഒരു വിഭാഗത്തിന് മുന്നണി മാറ്റ ചർച്ചകളോട് അതൃപ്‌തി അറിയിച്ചിട്ടുണ്ട്. 16ന്ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കും.ഒടുവിൽ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് മടങ്ങൊനൊരുങ്ങുന്നു. അഞ്ച് വർഷത്തിന് ശേഷമുള്ള മടക്കത്തിന് കാരണങ്ങൾ പലത്. കെപിസിസി നിർദ്ദേശ പ്രകാരം ഹൈക്കമാൻഡിൻ്റെ ഇടപെടൽ പ്രധാനം. സോണിയാ ഗാന്ധി അടക്കം എഐസിസി നേതൃത്വം ജോസുമായി സംസാരിച്ചു. സഭാ നേതൃത്വത്തിൻ്റെ നീക്കങ്ങളും നിർണ്ണായകമായി. സിനഡിനിടെ സഭാനേതൃത്വവും പ്രതിപക്ഷനേതാവും തമ്മിലെ കൂടിക്കാഴ്ചയും വഴിത്തിരിവായി. ഇടതിനൊപ്പംനിന്നാൽ ജയം എളുപ്പമല്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിലയിരുത്തിയ ജോസ് മെല്ലെ കോൺഗ്രസിന് കൈകൊടുക്കുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽനിന്നും ഇന്നലത്തെ ഇടതിൻ്റ കേന്ദ്രവിരുദ്ധ സമരത്തിൽ നിന്നും ജോസ് വിട്ടുനിന്നത് അണിയറ ചർച്ചകളെ തുടർന്നായിരുന്നു. ചെയർമാൻ ജോസിനൊപ്പമാണ് അഞ്ചിൽ മൂന്ന് എംഎൽഎമാരും.
എന്നാല്‍, എംഎൽഎമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ഇടതിനൊപ്പം തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇടത് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് തുടരും എന്ന അടിക്കുറിപ്പുമായാണ് റോഷി അഗസ്റ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടേക്കുമെന്ന സൂനചയ്ക്കിടെയാണ് റോഷി അഗസ്റ്റിന്‍റെ പ്രതികരണം.