വാഷിംഗ്ടണ്‍: വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.