തൊടുപുഴ: 16 വയസുള്ള മകൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്‍റെ പേരിൽ അമ്മയെ ബാങ്കിലെ ജോലിയിൽ നിന്ന് സിപിഎം ഭരണസമിതി പിരിച്ച് വിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.അഞ്ച് വർഷമായി ഇടുക്കിയിലെ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായിരുന്നു നിസ ഷിയാസ്. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം. തൊടുപുഴ നഗരസഭയിലെ 21ആം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകൻ പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പിൽ വിഷ്ണു ജയിച്ചതോടെയാണ് ബാങ്ക് ഭരണ സമിതി പക പോക്കൽ നടത്തിയതെന്നാണ് നിസ പറയുന്നത്. ഡിസംബർ 31 വരെ വന്നാൽ മതിയെന്ന് ഡിസംബർ 28നാണ് അറിയിച്ചതെന്നും നിസ പറഞ്ഞു.