കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിംഗ് മാളുകളിൽ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്തുവന്ന ഒരു ക്രിമിനൽ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ പിടികൂടി. ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുകളുടെ സഹായത്തോടെയാണ് ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തത്. ഈ സംഘം പ്രവാസി തൊഴിലാളികളെ ലോഡർമാർ ആയി ജോലിക്ക് വെക്കുകയും അവർക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്തിരുന്നു.ഇതിനുപുറമെ, ജോലിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുടെ പേരിൽ ഓരോ തൊഴിലാളിയിൽ നിന്നും ദിവസേന ഏകദേശം 4 കുവൈത്തി ദിനാർ ഇവർ നിർബന്ധിച്ച് പിരിച്ചെടുത്തിരുന്നു. ഡസൻ കണക്കിന് തൊഴിലാളികൾ ഈ രീതിയിലുള്ള ചൂഷണത്തിന് വിധേയരായതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. തങ്ങളുടെ ജോലി നിലനിർത്താൻ വേണ്ടി തൊഴിലാളികൾ സംരക്ഷണ പണം നൽകാൻ നിർബന്ധിതരാവുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ലെന്ന് ചില തൊഴിലാളികൾ അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സംഘാംഗങ്ങൾക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ ചൂഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും കുവൈത്തി നിയമപ്രകാരം ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.