ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ നാവികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ സാഹസികതയും ധൈര്യവും ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യം വൈകാതെ തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിക്കൊപ്പം മുദ്രാവാക്യം മുഴക്കിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും നാവികർ. ഗോവ, കർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിലെ സൈനികർക്ക് മധുരം നല്കിയാണ് നരേന്ദ്ര മോദി ദീപാവലി ആഘാഷിച്ചത്. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിലാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി തങ്ങിയത്. മിഗ് വിമാനങ്ങൾ വിക്രന്തിൽ നിന്ന് പറക്കുന്നതും ഇറങ്ങുന്നതും ആയുധങ്ങൾ വർഷിക്കുന്നതും പ്രധാനമന്ത്രി വീക്ഷിച്ചു. യുദ്ധകപ്പലുകൾ ഐഎൻഎസ് വിക്രാന്തിനൊപ്പം അണിനിരന്നു. പാകിസ്ഥാൻറെ ഉറക്കെ കെടുത്തുന്ന ഐഎൻഎസ് വിക്രാന്ത് ആത്മനിർഭരതയുടെ ഉത്തമ ഉദാഹരണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബ്രഹ്മോസ് ആകാശ് മിസൈലുകളും ഓപ്പറേഷൻ സിന്ദൂറിൽ ശത്രുവിനെ തകർത്തെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി