<p>മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്ക തിയറ്ററുകളിലെത്തുകയാണ്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ഒരു നടന്റെ ചിത്രം റിലീസ് ചെയ്യുന്നത് ഒരു മഹാദ്ഭുതമാണോ എന്ന് തോന്നാം. എന്നാല്‍ തന്റെ ഓരോ സിനിമയും ആദ്യ സിനിമ പോലെ കാണുന്ന നടനാണ് മമ്മൂട്ടി. ഇന്നും ഷൂട്ട് ടൈമില്‍ ഡയറക്ടര്‍ കട്ട് പറഞ്ഞാല്‍ ആ നിമിഷം ഓടി വന്ന് ഒരു നവാഗതന്റെ ആകാംക്ഷയോടെ മോണിട്ടറില്‍ നോക്കുന്ന മമ്മൂട്ടിയെ കാണാം. അത്രയ്ക്ക് പാഷനാണ് സിനിമയോട് ആ മനുഷ്യന്. ‘കാതല്‍’ എന്ന സിനിമയുടെ പ്രമോഷന്‍ ടൈമില്‍ സമൂഹമാധ്യമങ്ങള്‍ക്കായി അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.
    ഒരുപക്ഷേ ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് ആദ്യ അവസരം നല്‍കിയ നടനാണ് മമ്മൂട്ടി. ഏകദേശം 50 ലേറെ പേര്‍ മമ്മൂട്ടിയുടെ ഡേറ്റിന്റെ മാത്രം പിന്‍ബലത്തില്‍ അവരുടെ ആദ്യ സിനിമയൊരുക്കി. ആ ഗണത്തില്‍ ലോഹിതദാസ്, ലാൽ ജോസ്, ബ്ലസി, വൈശാഖ്, അജയ് വാസുദേവ്... തുടങ്ങി നിരവധി പേരുണ്ട്. പല താരങ്ങളും പുതിയ ഒരാള്‍ക്ക് അവസരം നല്‍കുക വഴി റിസ്‌കെടുക്കാന്‍ തയാറാവില്ല. ഇവിടെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് നല്‍കിയ സവിശേഷമായ സംഭാവനകളുടെ ആഴം വെളിപ്പെടുന്നത്.