ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ - ഫാന്റസി ചിത്രം 'രാജാസാബി'ന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. അതിനിടയിൽ രാജസാബ് റിലീസ് നീട്ടിവെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങളെ തള്ളിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം അടുത്ത വര്ഷം ജനുവരി 9 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവായ ടി.ജി. വിശ്വപ്രസാദ് അറിയിച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ.പ്രഭാസിന്റെ ഇരട്ടവേഷം തന്നെയായിരുന്നു ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകർച്ച ഏവരേയും വിസ്മയിപ്പിച്ചിരുന്നു. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.