രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചത് എന്നു ഡോക്ടർമാർ തന്നെ നിർദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു. പതിയെ സ്ക്വാഷ് വിപണിയിലും പാഷൻ ഫ്രൂട്ടിന്റെ രുചി ഉപയോക്താക്കൾക്കു പ്രിയങ്കരമായി. പാഷൻ ഫ്രൂട്ടിൽനിന്നു വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ ഇന്നു സംസ്ഥാനത്തുണ്ട്.
    കേരളത്തിലെ മിക്ക പ്രദേശങ്ങളിലുമിപ്പോൾ ഏറിയും കുറഞ്ഞും വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 40 രൂപ മുതൽ 85 രൂപവരെ കർഷകർക്കു ലഭിക്കുന്നുമുണ്ട്. വിപണിയിൽ ലഭ്യത കുറയുന്ന സമയത്തു കിലോയ്ക്ക് 100 രൂപയ്ക്കുവരെ വ്യാപാരം നടക്കുന്ന സ്ഥിതിയുണ്ട്. കാര്യമായ മുന്നറിവൊന്നുമില്ലാതെ കൃഷി ചെയ്യാമെന്നതും വിപണി ഉറപ്പാണെന്നതും ഏറപ്പേരെ പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ആകർഷിക്കുന്നു.