കോഴികളെ അഴിച്ചുവിട്ടു വളർത്തുന്ന ഈ പരമ്പരാഗതരീതിയെ ലഘുസംരംഭമായി ഉയർത്താനായാൽ കൂടുതൽ വരുമാനം സ്ഥിരമായി നേടാമെന്ന് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്ത് ആയവനയിലെ സമ്മിശ്രക്കർഷകനായ പറയിടത്തിൽ ഇമ്മാനുവേൽ ജോസഫ് (തങ്കച്ചൻ) പറയുന്നു.
നമ്മുടെ നാട്ടിൽ കാലങ്ങളായി പ്രചാരത്തിലുള്ള നാടൻകോഴികൾ വർഷം നൂറോ നൂറ്റിപ്പത്തോ മുട്ടയിടുമ്പോൾ മുന്നൂറിനു മുകളിലെത്തും ബിവി 380 ഇനത്തിന്റെ ഉൽപാദനം. അഞ്ചര മാസം കൊണ്ടുതന്നെ മുട്ടയിട്ടു തുടങ്ങും. കേജ് സംവിധാനത്തിലാണ് പരിപാലിക്കുന്നതെങ്കിൽ ഒരു വർഷത്തിലേറെ തുടർച്ചയായി മുട്ടയിടും. ആഴ്ചയിൽ 5 മുട്ട ഉറപ്പ്. മുട്ടയ്ക്ക് നാടൻമുട്ടയുടെ നിറമാണെന്നത് വിപണനം എളുപ്പമാക്കുന്നു. മുട്ടയിടീൽ തീരുന്നതോടെ ഇറച്ചിക്കായി വിൽക്കാം.
    ഇറച്ചിക്കോഴിവിലയേക്കാൾ കിലോയ്ക്ക് 20 രൂപ കൂടുതൽ നൽകി കോഴിക്കടക്കാർതന്നെ വാങ്ങിക്കൊള്ളും. വിൽക്കുന്ന സമയത്തു കോഴിയൊന്നിന് ശരാശരി ഒന്നേമുക്കാൽ കിലോ തൂക്കമുണ്ടാകും. കോഴിക്കുഞ്ഞിനെ വാങ്ങിയ തുക അതിലൂടെ മുതലാകും.