വെബ് ഡെസ്ക് 9 hours, 5 minutes
ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. മലയാളി താരത്തിന്റെ കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണമായി. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവര്‍ രാജസ്ഥാനിലേക്ക് പോകും. മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര്‍ യശസ്വി ജയ്സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സം കറനെ ഉള്‍പ്പെടുത്തുന്നതില്‍ രാജസ്ഥാന് ഓവര്‍സീസ് ക്വാട്ട ഒരു പ്രശ്‌നമായിരുന്നു. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയുമായിരുന്നില്ല. സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമായിരുന്നു. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം.രാജസ്ഥാന് ആകെ 30 ലക്ഷം രൂപമാത്രമാണ് ലേലത്തില്‍ ബാക്കി ഉണ്ടായിരുന്നത്. ടീമിലെ വിലയേറിയ താരങ്ങളെ വിറ്റ് മാത്രമേ രാജസ്ഥാന് ജഡേജയെയും സാം കറനേയും ഒരുമിച്ച് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ആരെ ഒഴിവാക്കുമെന്നുള്ളതായിരുന്നു രാജസ്ഥാന്റെ ആശയക്കുഴപ്പം. മഹീഷ് തീക്ഷണയ്‌ക്കൊപ്പം വാനിന്ദു ഹസരങ്കയെ കൂടി രാജസ്ഥാന്‍ ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.